കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂചനകൾ മാത്രം നൽകുന്നു; വ്യവസ്ഥകൾ https://scholarships.gov.in എന്ന വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കി അപേക്ഷിക്കുക.
1) സമർഥരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹായം: 12–ാം ക്ലാസിലെ മാർക്ക് നോക്കി 82,000 കുട്ടികൾക്ക്. കേരളമടക്കം ഓരോ സംസ്ഥാനത്തിനും വെവ്വേറെ വകയിരുത്തിയിട്ടുണ്ട്. രണ്ടായിരത്തിലേറെപ്പേർക്കു ലഭിക്കും. പ്രസക്ത സ്കീമിലെ 80–ാം പെർസെന്റൈൽ എങ്കിലും വേണം. ഗ്രാജ്വേറ്റ് തലത്തിൽ 10,000 രൂപ, പിജി തലത്തിൽ 20,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ്. ബിടെക്കിന് 4 വർഷം ഗ്രാജ്വേറ്റ് നിരക്ക്. കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ കവിയരുത്. അപേക്ഷ നവംബർ 30 വരെ.
2) ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ: 40% എങ്കിലും പരിമിതി ഉള്ളവർക്ക്. 9–ാം ക്ലാസ് മുതൽ പിജി തലം വരെ വിവിധ നിരക്കുകളിൽ സഹായം. കുടുംബ വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക്, ടോപ്ക്ലാസ് (ഗ്രാജ്വേറ്റ്, പിജി /ഡിപ്ലോമ) തലങ്ങളിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നത് ഭിന്നശേഷി ശാക്തീകരണവകുപ്പ്.
3) ബീഡി / സിനിമാ തൊഴിലാളികളുടെ മക്കൾക്ക് : ഒന്നാം ക്ലാസ് മുതൽ ബിടെക്/ എംബിബിഎസ്/ ബിഎസ്‌സി അഗ്രികൾചർ പ്രോഗ്രാമുകൾ വരെ. സഹായം 250 – 15,000 രൂപ. തൊട്ടു മുൻപത്തെ പരീക്ഷ ആദ്യ ചാൻസിൽ വിജയിച്ചിരിക്കണം. കുടുംബ മാസവരുമാനം 10,000/ 8,000 രൂപ കവിയരുത്. പ്രീ–മട്രിക് തലത്തിൽ നവംബർ 15 വരെയും പോസ്റ്റ് മട്രിക് തലത്തിൽ നവംബർ 30 വരെയും അപേക്ഷിക്കാം. നടപ്പാക്കുന്നത് ലേബർ & എംപ്ലോയ്മെന്റ് വകുപ്പ്.
