കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രണ്ടു കോഴ്സുകളിലെ പ്രവേശനത്തിന് എസ്എസ്എൽസി ജയിച്ച് ഉപരിപഠനയോഗ്യത നേടിയവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോസ്പെക്ടസും അപേക്ഷാഫോമും www.sitttrkerala.ac.in എന്ന സൈറ്റിലുണ്ട്.
ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ടരേഖകളും അപേക്ഷാഫീയും സഹിതം ബന്ധപ്പെട്ട സ്ഥാപനത്തിൽ സമർപ്പിക്കാം. എല്ലാ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുണ്ട്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. സംസ്ഥാന സംവരണക്രമം പാലിക്കും. ഒന്നിലേറെ സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർ വെവ്വേറെ അപേക്ഷിക്കണം. ഫോൺ നമ്പറുകൾ സൈറ്റിലുണ്ട്.
1. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ് – അപേക്ഷ സെപ്റ്റംബർ ഒന്നുവരെ. അപേക്ഷാഫീ 50 രൂപ.
രണ്ടുവർഷ ‘ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ്’ പ്രോഗ്രാം. പത്തനംതിട്ടയും കാസർകോടും ഒഴികെയുള്ള ജില്ലകളിലായി 17 ഗവൺമെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലാണു സൗകര്യം. ഓരോ കേന്ദ്രത്തിലും പരമാവധി 60 സീറ്റ്. കൊമേഴ്സ്, അക്കൗണ്ടൻസി, ബിസിനസ് കമ്യൂണിക്കേഷൻ, ഡിടിപി, ഫോട്ടോഷോപ്, ഷോർട് ഹാൻഡ് & ടൈപ്‌റൈറ്റിങ് (മലയാളവും ഇംഗ്ലിഷും), ടാലി തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്. ഇംഗ്ലിഷ് ടൈപ്റൈറ്റിങ് /ഷോർട്ഹാൻഡ്/വേഡ് പ്രോസസിങ് എന്നിവ അതത് കെജിടിഇ ഹയറിനും, മലയാളം ടൈപ്റൈറ്റിങ്/ഷോർട്ഹാൻഡ് കെജിടിഇ ലോവറിനും തുല്യമാണ്. തുടക്കത്തിൽ ട്യൂഷൻഫീയുടെ ആദ്യഗഡുവടക്കം 890 രൂപയടയ്ക്കണം പീന്നീട് 225 രൂപ വീതം രണ്ടു ഗഡുക്കളും.
2. ഫാഷൻ ഡിസൈൻ & ഗാർമെന്റ് ടെക്നോളജി – അപേക്ഷ ഓഗസ്റ്റ് 31 വരെ. അപേക്ഷാഫീ 25 രൂപ.
കേരളത്തിലെ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്ന 2–വർഷ FDGT (ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാമിന് അപേക്ഷിക്കാം. പത്തനംതിട്ട ഒഴികെ ജില്ലകളിലായി 42 സ്ഥാപനങ്ങൾ. ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 24 സീറ്റ്. പ്രവേശനസമയം 585 രൂപ ഫീസടയ്ക്കണം.
ആൺകുട്ടികൾക്കും പ്രവേശനമുണ്ട്. കേവലം തയ്യൽജോലിയിലല്ല, മറിച്ച് വസ്ത്രരൂപകല്പന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിലും വൈദഗ്ധ്യം നേടാം.
ഒന്നും രണ്ടും വർഷങ്ങളിലെ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിടിഇ സർട്ടിഫിക്കറ്റ് നൽകും. സ്വയം തൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികൾക്കും അവസരം ലഭിക്കും.
(ഇതേ കോഴ്സ് നടത്തുന്ന നൂറോളം സർക്കാർ–അംഗീകൃത സ്വകാര്യസ്ഥാപനങ്ങളുമുണ്ട്. അവയിലേക്കു വെവ്വേറെ ശ്രമിക്കണം.)
