തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/പാഴ്‌സി/ ജൈന സമുദായങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് 2020-21 വർഷം നൽകുന്ന പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്വൺ മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുൻവർഷം സ്‌കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾ മുൻവർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarship.gov.in ലൂടെ ഒക്‌ടോബർ 31നകം ഓൺലൈനായി സമർപ്പിക്കണം.
മുൻവർഷത്തെ ബോർഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ച ഗവൺമെൻറ്/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷനൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
